കരുനാഗപ്പള്ളി : ആര്‍ഭാടങ്ങളും ആഘോഷവുമില്ലാതെ, വിലപിടിപ്പുള്ള വസ്ത്രങ്ങളോ സ്വര്‍ണ്ണത്തിന്റെ തിളക്കങ്ങളോ ഒന്നുമില്ലാതെ തികച്ചും വ്യത്യസ്തമായി നടന്ന ഒരു വിവാഹത്തിനാണ് കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂള്‍ അങ്കണം സാക്ഷ്യംവഹിച്ചത്.
കെ.എ.പി. അടൂര്‍ ബറ്റാലിയനിലെ പോലീസുകാരനായ റൈജിനും ക്ഷീരവികസനവകുപ്പില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടറായ അഖിലയുമായിരുന്നു വധൂവരന്മാര്. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടായിരുന്നു വധൂവരന്മാര് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്.
also read: ചാക്രവാതച്ചുഴ ന്യൂനമര്‍ദമായേക്കും, കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴ, മുന്നറിയിപ്പ്
താലിയില്ലാ കല്യാണമെന്നപേരിലാണ് വേറിട്ട കല്യാണം നടന്നത്. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സംഘാടനത്തിലാണ് വിവാഹം. കരുനാഗപ്പള്ളി കല്ലേലിഭാഗം അയണിവിളയില്‍ ഇ.കെ.സുനുവിന്റെയും ടി.ഉഷയുടെയും മകനാണ് റൈജിന്‍. കോട്ടയം കല്ലറ സൗത്ത് നെടിയകാലയില്‍ വിജയന്റെയും സോമിനിയുടെയും മകളാണ് അഖില.
ആഡംബരങ്ങളും ആചാരങ്ങളുമില്ലാതെ വിവാഹം കഴിക്കണമെന്ന റൈജിന്റെയും അഖിലയുടെയും ആഗ്രഹം ഇരുവരുടെയും വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍ വിവാഹത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു.
സ്കൂള്‍ അങ്കണത്തിലൊരുക്കിയ ചെറിയ വേദിയില്‍ വൈകീട്ട് അഞ്ചുമണിയോടെ കരുനാഗപ്പള്ളി സബ് രജിസ്ട്രാര്‍ കെ.ബി.ഹരീഷ് എത്തി. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ റൈജിനും അഖിലയും വിവാഹ രജിസ്റ്ററില്‍ ഒപ്പുവെച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ബി.ശിവന് ഭരണഘടനയുടെ ആമുഖം വായിച്ചു.
വധൂവരന്മാര്ക്കൊപ്പം സദസ്സും അതേറ്റുവായിച്ചു. തുടര്‍ന്ന് ഇരുവരും കൈപിടിച്ച് ജീവിതത്തിലേക്കുകടന്നു. വ്യത്യസ്മായി നടന്ന വിവാഹത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.