വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് കോട്ടയം സ്വദേശി ഗിരീഷ് കുമാര്‍. ഈ തിങ്കളാഴ്ച നറുക്കെടുത്ത വിന് വിന് ഭാഗ്യക്കുറിയിലൂടെയാണ് ഗിരീഷിനെ തേടി 75 ലക്ഷം രൂപയുടെ ഭാഗ്യമെത്തിയത്. WU 338132 എന്ന നമ്പറിനായിരുന്നു സമ്മാനം ലഭിച്ചത്.
കഴിഞ്ഞ പതിനാറ് വര്‍ഷമായി ഭാഗ്യ പരീക്ഷണം നടത്താറുള്ള ആളാണ് ഗിരീഷ്. മുമ്പ് ചെറിയ തുകകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒന്നാം സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു സമീപത്തെ സെന്റ് മേരീസ് ലോട്ടറി ഏജന്‍സിയില്‍ നിന്നും അനീഷ് കുമാര്‍ വാങ്ങി വില്പന നടത്തിയ ടിക്കറ്റിലൂടെയാണ് ഗിരീഷിനെ തേടി ഭാഗ്യമെത്തിയത്.
ഭാര്യ ബിന്ദുവിനൊപ്പം ഉഴവൂര്‍ പൂവത്തിങ്കല്‍ ഭാഗത്തു വാടക വീട്ടിലാണ് ഗിരീഷ് ഇപ്പോള്‍ താമസിക്കുന്നത്. സമ്മാനത്തുക കൊണ്ട് സ്വന്തമായി കുറച്ചു സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നാണ് ഗിരീഷിന്റെ ആഗ്രഹം.