മംഗളൂരു; മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. ചിറ്റാരിക്കല്‍ അരിമ്പയിലെ തൂമ്പുങ്കല്‍ മകള്‍ നിന സതീഷ് ആണു മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. ഫീസ് അടക്കാന്‍ കഴിയാത്തതില്‍ ഉള്ള മനഃപ്രയാസമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു പൊലീസ് പറയുന്നത്.
ഹോസ്റ്റല്‍ ശുചിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിയ നിലയിലാണ് നിനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുറിയില്‍ താമസിക്കുന്ന മറ്റു വിദ്യാര്‍ഥികളാണ് നിനയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരിച്ചു.
സാമ്പത്തിക പ്രയാസം കാരണം നിനയുടെ ഫീസ് അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഫീസ് വൈകിയതിനു കോളജ് അധികൃതരും അഡ്മിഷന് ഏജന്റും മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഫീസ് അടയ്ക്കാന്‍ സാവകാശം ചോദിച്ചെങ്കിലും അഡ്മിഷന് ഏജന്റ് അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ പറഞ്ഞു. അമ്മ ജാന്‍സി ചെറുപുഴയിലെ കടയില്‍ ജോലി ചെയ്താണു മകളെ പഠിപ്പിക്കുന്നതും കുടുംബം പുലര്‍ത്തുന്നതും. നിനയുടെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.