തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. പെരുമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.
വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂന മര്‍ദ്ദം, കഴിഞ്ഞ മണിക്കൂറുകളിലായി പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂന മര്‍ദ്ദമായി മാറുകയായിരുന്നു. അടുത്ത മണിക്കൂറുകളില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദമാകും.