ഗുരുവായൂര്‍: കല്യാണത്തിനു മുന്‍പ് താലി മാല സൂക്ഷിച്ച പഴ്സ് നഷ്ടപ്പെട്ടു. 5 പവന്റെ സ്വര്‍ണമാലയും അര പവന്റെ താലിയും സൂക്ഷിച്ച പഴ്സ് നഷ്ടപ്പെട്ടത്. പള്ളിയാലുക്കല്‍ സ്വദേശിയായ വരന് ശ്രീനാഥിന്റെ അമ്മയാണ് മാല കളഞ്ഞുപോയ വിവരം ആദ്യം തിരിച്ചറിഞ്ഞത്. ഇതോടെ വധൂവരന്മാരും ബന്ധുക്കളും മണ്ഡപത്തില്‍ നിന്നു തിരിച്ചിറങ്ങി, പോലീസില്‍ പരാതിപ്പെട്ടു.
ഇന്നലെ 94 വിവാഹങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ക്ഷേത്രനടയില്‍ നല്ല തിരക്കായിരുന്നു. മാല നഷ്ടപ്പെട്ട വിവരം പോലീസ് അനൗണ്‍സ് ചെയ്തു. മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്താന്‍ വധൂവരന്മാരുടെ വീട്ടുകാര്‍ തീരുമാനിച്ചു. ഉടന്‍ തന്നെ പുതിയ താലിയും ചരടും വാങ്ങി വന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ പാലക്കാട് കമ്പ സ്വദേശിയായ കാരക്കാട് അറുമുഖന്റെ മകന് സുജിത്തിന് താലിമാല അടങ്ങുന്ന പഴ്സ് ഇതിനിടെ വീണു കിട്ടി.
കല്യാണ മാലയാണെന്ന് മനസ്സിലാക്കിയ സുജിത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ പി. കൃഷ്ണകുമാറിനെ പഴ്സ് ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പോലീസ് ഫോണില്‍ വരന്റെ വീട്ടുകാരെ ബന്ധപ്പെട്ട് താലിമാല തിരിച്ചു നല്കി. പത്തനംതിട്ട കോന്നി സ്വദേശിനി ശ്രുതിയുടെ കഴുത്തില്‍ ശ്രീനാഥ് താലിമാല ചാര്‍ത്തി. രണ്ടാമത് വാങ്ങിയ താലി കുടുംബം ഭണ്ഡാരത്തില് നിക്ഷേപിച്ചു.