തനിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന ചില വിമര്‍ശനങ്ങളില്‍ വിഷമം തോന്നിയിട്ടുണ്ടെന്ന് കെകെ ശൈലജ ടീച്ചര്‍ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുമ്പോള്‍ ചിലര്‍ തള്ള് എന്ന് പറയുന്നതില്‍ വിഷമം തോന്നിയിരുന്നു. കാരണം താനൊരിക്കലും അംഗീകാരം കിട്ടാന്‍ വേണ്ടി ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല. ചെയ്തു കഴിഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്. അത് പറയാതിരിക്കാന്‍ സാധിക്കില്ലല്ലോ എന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ശൈലജ ടീച്ചറുടെ വാക്കുകള്‍;
”നമുക്ക് ഒരു ജോലി തന്നെ ഒരു സ്ഥലത്ത് ഇരുന്ന് മരണം വരെ ചെയ്യാന്‍ കഴിയില്ല. നമ്മളെ ഒരു ജോലി ഏല്‍പ്പിച്ചാല്‍ നമ്മള് അത് കൃത്യമായി ചെയ്യും. അത് എവിടെയാണോ അവിടെ ചെയ്യും. എന്നെ പോലെ ചെയ്യാന്‍ സാധിക്കുന്നവര്‍ എന്നെ കൂടാതെ ഈ സമൂഹത്തിലുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം ഞാനായിരുന്നു ആ സ്ഥാനത്ത്. അപ്പോള്‍ എല്ലാവരും കണ്ടത് എന്നെയാണ്. സ്വാഭാവികമായും അഞ്ചു കൊല്ലം കഴിയുമ്പോള്‍ ദേഷ്യമാണെങ്കില്‍, ഇവരിന് തിരിച്ചുവരരുതെന്ന് പറയും. അവര്‍ക്ക് എന്തെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കില്‍ ശൈലജ ടീച്ചര്‍ തരക്കേടില്ലെന്ന് പറയും. ഈ രണ്ടു കൂട്ടരും സമൂഹത്തിലുണ്ട്.”
”ടീച്ചര്‍ തീരെ ശരിയായിരുന്നില്ല. ടീച്ചര്‍ ഇനി വരാനേ പാടില്ലെന്ന് പറയുന്നവരുമുണ്ടാകും. ടീച്ചര്‍ കുറച്ച് ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് പറയുന്നവരുണ്ട്. ഇവരായിരിക്കാം ഇപ്പോള്‍ ടീച്ചര്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് പറഞ്ഞിട്ടുണ്ടാവുക. അതില്‍ അര്‍ത്ഥമേയില്ല. എനിക്ക് അറിയില്ല, എത്ര പേര് അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന്. എന്നെ കുറ്റം പറയുന്നവരുമുണ്ടാകും. അതല്ലേ, പോസ്റ്റ് ഇടുമ്പോള്‍ ചിലര്‍ തള്ള് എന്ന് പറഞ്ഞ് വരുന്നത്. ഇത് കാണുമ്പോള്‍ ശരിക്കും വിഷമം വരും.
കാരണം ഞാനൊരിക്കലും അംഗീകാരം കിട്ടാന്‍ വേണ്ടി ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല. ചെയ്തു കഴിഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്. അത് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. ചെയ്ത കാര്യങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ കിട്ടുമ്പോള്‍ സന്തോഷമുണ്ടാകും. അഭിനന്ദനം മാത്രമല്ല, കല്ലേറും ഉണ്ടാകുമെന്ന് നമ്മള് എല്ലാവരും ഓര്‍ക്കേണ്ടതാണ്. ആത്മാര്‍ത്ഥതയുള്ളത് കൊണ്ട് എനിക്ക് ആ കല്ലേറ് ബുദ്ധിമുട്ടായി തോന്നിയില്ല. ഇപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.”