മാറനല്ലൂർ: ക്ലബ്ബിന് സ്വന്തമായി കെട്ടിടം പണിയാൻ ആക്രി സാധനങ്ങൾ ശേഖരിച്ച് അംഗങ്ങളുടെ മാതൃക. കൂവളശ്ശേരി നവോദയ ക്ലബ് അംഗങ്ങളാണ് പരിസരത്തെ വീടുകളിൽനിന്ന് ആക്രിസാധനങ്ങൾ ശേഖരിക്കുന്നത്. 30 വർഷത്തിലേറെ പഴക്കമുള്ള നവോദയ ക്ലബ് സംഭാവനയായി കിട്ടിയ രണ്ടു സെന്റ് വസ്തുവിലാണ് പ്രവർത്തനമാരംഭിച്ചത്.
ഷീറ്റ് കൊണ്ട് പണിത കെട്ടിടത്തിൽ ഇപ്പോൾ മഴക്കാലമായാൽ ചോർന്നൊലിക്കുന്ന നിലയിലാണ്. കെട്ടിടത്തിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം നശിച്ചു. ഇതേ തുടർന്നാണ് കെട്ടിടം കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി അംഗങ്ങൾ തീരുമാനമെടുത്തത്. എന്നാൽ വലിയൊരു തുക കണ്ടെത്താൻ പ്രയാസമായതിനെ തുടർന്നാണ് ഇക്കഴിഞ്ഞ മൂന്ന് ആഴ്ചകൾക്ക് മുമ്പ് പ്രദേശത്തെ വീടുകളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ചത്.
വിൽക്കാൻ പറ്റുന്ന സാധനങ്ങൾ മാറ്റിയശേഷം മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണകേന്ദ്രത്തിലേക്ക് മാറ്റി. മാലിന്യങ്ങൾ വീടുകളിൽ കൂടിക്കിടക്കുന്നത് വൃത്തിയാക്കിയശേഷം വീടുകളിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും ചെയ്തു. പലയിടത്തും കൂടിക്കിടന്ന മാലിന്യങ്ങൾ ശേഖരിച്ചതിനെ തുടർന്ന് 23000 രൂപയോളം സ്വരൂപിക്കാൻ കഴിഞ്ഞതായി നവോദയ ക്ലബ് പ്രസിഡന്റ് രതീഷ്കുമാറും സെക്രട്ടറി അനിയും പറഞ്ഞു.