റാന്നി: ബന്ധുവീട്ടിലെ മോഷണവിവരം പോലീസിനെയും ബന്ധുക്കളെയും വിളിച്ച് പറഞ്ഞയാള്‍ ഒടുവില്‍ പോലീസ് പിടിയില്‍. പെരുനാട് മാമ്പാറ എരുവാറ്റുപുഴ ഗോകുല്‍ വീട്ടില്‍ പരമേശ്വരന് പിള്ളയുടെ വീട്ടിലാണ് ഓഗസ്റ്റ് 11ന് മോഷണം നടന്നത്. ബന്ധുവായ ചന്ദ്രമംഗലത്ത് ബിജു ആര് പിള്ളയാണ് പിടിയിലായത്.
22 പവന് സ്വര്‍ണവും 22,000 രൂപയുമാണ് പരമേശ്വരന് പിള്ളയുടെ വീട്ടില്‍ നിന്നും മോഷണം പോയത്. പരമേശ്വരന് പിള്ളയുടെ സഹോദരന്റെ മകനാണ് പ്രതി. ജനല്‍ ഇളക്കിമാറ്റിയാണ് പ്രതി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷ്ടിച്ചത്.
പരമേശ്വരന് പിള്ള ആശുപത്രിയിലായതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. വീട്ടില്‍ എന്തോ ശബ്ദം കേട്ടെന്നും ചെന്നുനോക്കിയപ്പോള്‍ ജനല്‍ ഇളക്കിയ നിലയിലായിരുന്നെന്നും പ്രതി പരമേശ്വരന് പിള്ളയുടെ മകളെ ഫോണില്‍ അറിയിച്ചു. പിന്നീട് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു.
സംഭവവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും തുമ്പ് ലഭിച്ചില്ല. വീടിന്റെ മുന്‍ഭാഗത്തെ സിസിടിവിയില്‍ പെടാതെ മോഷണം നടത്തിയതിനെ സംബന്ധിച്ച പൊലീസ് സംശയമാണ് ബിജുവിലേക്കെത്തിയത്. വീടിനെക്കുറിച്ച് അറിയുന്നയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസ് സംശയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങി. സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ബിജു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.