കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയിലേയ്ക്ക് മലയാള ചലച്ചിത്ര രംഗത്തെ മുന്‍നിര താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍സല്‍മാനും 25 ലക്ഷം രൂപ കൈമാറി. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്ക് മമ്മൂട്ടി നേരിട്ടെത്തിയാണ് തുക കൈമാറിയത്. താരസംഘടനയായ എഎംഎംഎ 10 ലക്ഷം മാത്രം നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ താരരാജാവ് മോഹന്‍ലാല്‍ വ്യക്തിപരമായി 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു.
നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷമാകും ലാല്‍ തുക കൈമാറുക. ഇതിനു പിന്നാലെയാണ് മമ്മൂട്ടിയും മകന് ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം നല്‍കിയത്. കൂടാതെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ എല്ലാവര്ക്കും ഉപയോഗിക്കാനാവുന്ന 15 ലക്ഷം രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള പുതു വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് കൈമാറണമെന്ന് താന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയ എംസിആര്‍ ഗ്രൂപ്പിനോട് മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രളയക്കെടുതിയെ നേരിടാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ഇതുകൂടാതെ യുവതാരങ്ങളായ സൂര്യയും സഹോദരന് കാര്‍ത്തിയും 25 ലക്ഷം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നടന് കമലഹാസനും 25 ലക്ഷം നല്‍കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകുകയാണ്. അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി അറിയിച്ചു. യൂസഫലിയെ കൂടാതെ വ്യവസായികളായ ബിആര്‍ ഷെട്ടി, ഡോ ആസാദ് മൂപ്പന് എന്നിവരും വന്‍തുകകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.