താമരശ്ശേരി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിനോദയാത്രക്കെത്തിയ യുവാക്കളുടെ 11 ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ അമരാട് മലയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കളുടെ ബൈക്കുകളാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
ലോക്ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്ക് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് പതിവായി കൂട്ടംകൂടി യുവാക്കള്‍ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
കൊടുവള്ളി, പന്നൂര്, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് ഭാഗങ്ങളില്‍നിന്ന് വിവിധ സംഘങ്ങളായി എത്തിയ യുവാക്കളാണ് പോലീസ് പിടിയിലായത്. താമരശ്ശേരി എസ്.ഐമാരായ ശ്രീജേഷ്, വി.കെ. സുരേഷ്, അജിത്, സി.പി.ഒമാരായ രതീഷ്, പ്രസാദ്, ഷൈജല്‍ എന്നിവര്‍ ചേര്‍ന്നാണ് ബൈക്കുകള്‍ പിടികൂടിയത്. പിടികൂടിയ ബൈക്കുകള്‍ ലോറിയില്‍ കയറ്റിയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.