അഞ്ചാലുംമൂട് : കൊല്ലം അഞ്ചാലുംമൂടിലെ തൃക്കരുവ, പനയം പ്രദേശങ്ങളിലെ റോഡിലെ കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. ഈ പ്രദേശങ്ങളിലെ റോഡുകളില്‍ കുഴികള്‍ നിറഞ്ഞതിനാല്‍ യാത്ര അതീവ ദുസ്സഹമാണ്. ഇഞ്ചവിള മുതല്‍ അഞ്ചാലുംമൂടുവരെയാണ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ കാല്‍നടയാത്ര പോലും പ്രയാസകരമായിരിക്കുന്നത്.
നിരവധി അപകടങ്ങളാണ് ഇവിടെ ദിനം പ്രതി നടക്കുന്നത്. റോഡിലെ കുഴി നികത്താന്‍ കോടിക്കണക്കിന് രൂപ അനുവദിക്കുകയും പണി ആരംഭിക്കുകയും ചെയ്തെങ്കിലും ഇപ്പോള്‍ മഴമൂലം പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് തൃക്കടവൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തിയത്. കുറ്റിയില്‍ ബാബു, മഠത്തില്‍ ഹരി, അനുരാജ് ചന്തക്കടവ് തുടങ്ങിയവരാണ് സമരനേതൃത്വത്തിന്റെ മുന്‍നിരയില്‍.