കൊച്ചി: തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം തന്നെയെന്ന് പോലീസ്. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതിനാലാണ് പാറമടയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയതെന്ന അമ്മയുടെ വാദം കള്ളമാണെന്ന് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കുഞ്ഞിന്റേത് മുങ്ങി മരണമാണെന്ന് ഡോക്ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്കി. കുഞ്ഞിന്റെ ആന്തരികാവയവങ്ങളില്‍ ക്വാറിയിലെ വെള്ളം കണ്ടെത്തി. ജനിച്ച സമയത്ത് കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നു. യാതൊരു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ കെട്ടിത്താഴത്തവേ ശ്വാസം മുട്ടി മരിക്കുകയായിരുന്നു കുട്ടി.
നാല്പത് വയസ്സുള്ള യുവതി ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് പാറമടയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് അമ്മ നേരത്തെ പോലീസിന് നല്കിയ മൊഴി.