അങ്കമാലി: അതിരഹസ്യമായി വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രത്തില്‍ നിന്നു വാറ്റ് ചാരായവും വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. അങ്കമാലിയിലാണ് സംഭവം. കിടങ്ങൂര്‍ സ്വദേശി റിന്റോയുടെ വീട്ടില്‍ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും അങ്കമാലി എക്സൈസ് പിടികൂടിയത്.
അഞ്ച് ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 100 കിലോ ശര്‍ക്കരയുമാണ് പിടികൂടിയത്. വീടിനോട് ചേര്‍ന്ന് ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് ചാരായം വാറ്റിയിരുന്നത്. റിന്റോയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായവും മറ്റും പിടികൂടിയത്.
കിടങ്ങൂര്‍ കപ്പേള ജങ്ഷനില്‍ ലഹരി ഉത്പന്നങ്ങളുടെ വില്പന നടക്കുന്നതായും പരാതിയുണ്ട്. മലയാറ്റൂര്‍ കാടപ്പാറയില്‍ എക്സൈസ് സംഘം നടത്തിയ റെയിഡില്‍ രണ്ട് ലിറ്റര്‍ ചാരായവും 310 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മലയാറ്റൂരിലെ ഒരു പറമ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ.
മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് അമിത ലാഭത്തില്‍ ചാരായം വില്‍പ്പന നടത്താം എന്ന ഉദ്ദേശത്തോടെ സൂക്ഷിച്ചിരുന്ന വാഷാണ് കണ്ടെടുത്തത്. കുപ്പിക്ക് 2500 രൂപ വരെ ഈടാക്കി ചാരായം വില്പന നടത്തി വരുന്നതായി വിവരം ലഭിച്ചെന്നും പ്രതികളെ ഉടന്‍തന്നെ കണ്ടെത്താന്‍ കഴിയുമെന്നും അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.ജി. മധുസൂദനന് അറിയിച്ചു.