ചെറുതോണി: ഇടുക്കി അണകെട്ട് തുറന്നതോടെ നാടെങ്ങും വെള്ളം നിറഞ്ഞു തുളുമ്പുന്ന സാഹചര്യമാണുള്ളത്. അണക്കെട്ടിലെ മുഴുവന്‍ ഷട്ടറും തുറന്നതോടെ ചെറുതോണി പാലവും നിറഞ്ഞു കവിഞ്ഞ് ഒഴുകി. സംസ്ഥാനം പ്രളയ ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കണ്ണുനനയിക്കുന്ന ദുരന്തവാര്ത്തകളാണ് എത്തുന്നത്.
വലിയൊരു മുഴക്കം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. വീടിന് മുകളിലേക്ക് എന്തോ പൊട്ടിവീഴുംപോലെ. അരികില്‍ കിടന്ന കുഞ്ഞിനെയും നെഞ്ചിലടക്കി പുറത്തേക്ക് പാഞ്ഞു. വല്യച്ഛനെയും വല്യമ്മയെയും എഴുന്നേല്‍പ്പിക്കാന്‍ ഉറക്കെ നിലവിളിച്ചുകൊണ്ടാണ് ഓടിയത്. എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ നിന്നിരുന്ന അവരെ രണ്ടു പേരെയും നഷ്ടപ്പെട്ടു. നിറകണ്ണുകളോടെ ജെസി പറയുന്നു.
കഴിഞ്ഞദിവസം കീരിത്തോട്ടിലെ ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപ്പെട്ട ജെസി കഞ്ഞിക്കുഴി നിത്യസഹായമാതാ ചര്‍ച്ചിലെ ദുരിതാശ്വാസ ക്യാമ്പിലാണിപ്പോള്‍. പെരിയാര്‍വാലി കൂട്ടാകുന്നേല് വിപിനും ഭാര്യ ജെസിയും ഒരുവയസ്സുള്ള കുട്ടിയും പെരിയാര്‍ വാലിയിലായിരുന്നു താമസം. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി വീടൊഴിയാന്‍ ജില്ലാഭരണകൂടം നോട്ടീസ് നല്കി.
അതോടെയാണ് കീരിത്തോട്ടിലെ മുത്തച്ഛനും മുത്തശ്ശിയോടും ഒപ്പം വിപിനും കുടുംബവും താമസംമാറ്റിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഉരുള്‍പൊട്ടിയത്. ഈസമയം വിപിന്‍ പാലായില്‍ ആയിരുന്നു. ഒരു വയസ്സുള്ള കുട്ടി എയ്ഞ്ചല്‍ മരിയയെയും എടുത്ത് താഴെയുള്ള വീട്ടിലേക്ക് ജെസി പായുകയായിരുന്നു.