ഇരിട്ടി: അന്യസംസ്ഥാന തൊഴിലാളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ക്രൂരതയുടെ മുഖമാണ് മലയാളിയുടെ മനസില്‍ തെളിയുക. എന്തെന്നാല്‍ കേരളത്തില്‍ നടന്ന രണ്ട് കൊലപാതകങ്ങളിലെ മുഖ്യപ്രതി അവരായതുകൊണ്ട് മാത്രം. എന്നാല്‍ ക്രൂരതയുടെ മുഖം മാത്രമല്ല, നന്മയുടെ വശമുണ്ടെന്ന് തെളിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശുകാരനായ വിഷ്ണു എന്ന കമ്പിളി വില്പ്പനക്കാരന്. കേരളത്തിലെ ദുരിത പെയ്ത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ജനങ്ങള്‍ക്ക് 50ഓളം കമ്പിളി പുതപ്പ് സൗജന്യമായി നല്കി നന്മയുടെ പാതയില്‍ സഞ്ചരിക്കുകയാണ് ഈ അന്യസംസ്ഥാന തൊഴിലാളി.
ഇരിട്ടി മാങ്ങോട് നിര്‍മല എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാണ് ഇദ്ദേഹം സൗജന്യമായി കമ്പിളി നല്‍കിയത്. ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പിളി വില്‍ക്കാനെത്തിയ വിഷ്ണുവിനോട് താലൂക്ക് ജീവനക്കാര്‍ നാട്ടിലുണ്ടായ ദുരന്തം വിശദീകരിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ വില്‍പ്പനയ്ക്കായി കൈയ്യില്‍ കരുതിയിരുന്ന കമ്പിളി പുതപ്പ് മുഴുവന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കാമെന്ന് വിഷ്ണു അറിയിച്ചു. കനത്ത മഴയെയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് ഇരിട്ടി മേഖലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
മൂന്ന് ക്യാമ്പുകളിലുമായി 287 പേരാണ് കഴിയുന്നത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ കളക്ടര്‍ മിര്‍ മുഹമ്മദലി കമ്പിളി പുതപ്പുകള്‍ വിഷ്ണുവില് നിന്നും ഏറ്റ് വാങ്ങി. അയ്യന് കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് സ്കൂളില്‍ 37 പേരെയും ആറളം ഫാം, ചതിരൂര്‍ 110 കോളനി, പരിപ്പ് തോട് പ്രദേശങ്ങളിലെ 90 കുടുംബങ്ങളില്‍ നിന്നായി 190 പേരെയും ആറളം നിര്‍മല എല്‍പി സ്കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. വയത്തൂര് വില്ലേജിലെ പീടികക്കുന്നില്‍ 22 കുടുംബങ്ങളില്‍ നിന്നായി 60 പേരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.