കൊച്ചി: ടിക്കറ്റെടുക്കാതെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത പൊലീസുകാരന് ഒടുവില്‍ അടക്കേണ്ടി വന്നത് 3000 രൂപ പിഴ. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് സ്റ്റോപ്പില്‍ നിന്നു കയറിയ ക്രൈംബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥനാണ് ടിക്കറ്റിന് പണം നല്‍കാതെ യാത്ര ചെയ്ത് പണി വാങ്ങിയത്.
തിങ്കളാഴ്ച രാവിലെ 10.30നു തൃപ്പൂണിത്തുറ-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണു സംഭവം. ക്രൈംബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥന് ആലുവായ്ക്കു ടിക്കറ്റെടുത്തുവെങ്കിലും ടിക്കറ്റ് നിരക്കായ 19 രൂപ നല്കാന് തയാറായില്ല. ടിക്കറ്റില്ലാതെ യാത്ര ചെയ്യാനുള്ള പൊലീസുകാരന്റെ ശ്രമം കണ്ടക്റ്റര്‍ ചോദ്യം ചെയ്തതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി.
കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ പരാതി പൊലീസ് സ്റ്റേഷനിലെത്തി. പണം ചോദിച്ച തന്നെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമായിരുന്നു കണ്ടക്ടര്‍ വിപിന്‍കുമാറിന്റെ പരാതി. ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു.
സംഭവമറിഞ്ഞു കെഎസ്ആര്‍ടിസിയിലെ ഉന്നതോദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനില്‍ എത്തി.പിന്നാലെ ട്രിപ്പ് മുടക്കിയതിന്റെ നഷ്ടപരിഹാരമായി പൊലീസുകാരന് 3000 രൂപ പിഴയടച്ചു കേസ് അവസാനിപ്പിച്ചു. അപ്പോഴും ടിക്കറ്റിന്റെ പണം ഇയാള്‍ നല്‍കിയില്ല.