തൃശ്ശൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ലതികാ സുഭാഷിനെ കൂടി പരിഗണിക്കണമായിരുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. രാജിവെച്ച് തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ് പ്രതിഷേധിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും പത്മജ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് വിഷമത്തിലാവുമ്പോഴെല്ലാം മുരളീധരന് രംഗത്തെത്തിയിട്ടുണ്ടെന്നും നോമത്ത് സ്ഥാനാര്‍ത്ഥിയായതില്‍ സന്തോഷമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ രണ്ട് ശക്തരായ സ്ഥാനാര്‍ത്ഥികളെ നേരിടാന്‍ കരുണാകരന്റെ രണ്ട് മക്കള്‍ ഇറങ്ങുന്നതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു പത്മജയുടെ പ്രതികരണം.
പത്മജ മത്സരിക്കുന്ന തൃശൂരില്‍ സുരേഷ് ഗോപിയും നേമത്ത് ഒ രാജഗോപാലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ മുരളീധരന് കെ കരുണാകരന്റെ സ്മൃതികുടീരത്തില്‍ എത്തിയിരുന്നു. പത്മജയും മുരളീധരനും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മടങ്ങിയത്.
നന്നായി വര്‍ക്ക് ചെയ്യണം, ജയിക്കണം എന്ന് ഉപദേശിച്ചുകൊണ്ടാണ് മുരളി അവിടെ നിന്നും മടങ്ങിയത്. അതേസമയം, കോണ്‍ഗ്രസ് ഇനി സീറ്റുതന്നാലും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടുതല്‍ ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് പറഞ്ഞിരുന്നു.