കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം കടുത്തതോടെ വിവിധയിടങ്ങളിലെ ഡാം നിറഞ്ഞു തുളുമ്പി. ഈ സാഹചര്യം കണക്കിലെടുത്ത് പലയിടത്തും ഡാമുകളും തുറക്കേണ്ട സാഹചര്യം വന്നു. സംസ്ഥാനത്ത് ഇതുവരെ 22 ഡാമുകളാണ് തുറന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ കേരളം പ്രളയകെടുതിയിലായി. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ കളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുന്നത്. അണക്കെട്ടുകള്‍ തുറക്കുന്ന ഭാഗത്തേയ്ക്ക് ജനങ്ങള്‍ ഒരു കാരണവശാലും പോകരുതെന്ന് നിര്‍ദേശം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മഴയ്ക്കൊപ്പം ദുരിതം വിതച്ച് സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.
മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തും ഉരുള്‍പൊട്ടി. കൊച്ചിധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. മലമ്പുഴ അണക്കെട്ടിനു സമീപം ഉരുള്‍പൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടെത്തി.
സംസ്ഥാനത്ത് ഇതുവരെ 20 മരണം. ഇടുക്കി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 മരണം. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വയനാട്ടിലും മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി. പെരിയാര്‍വാലിയില്‍ രണ്ടുപേരെ കാണാനില്ല.