അടൂര്‍: പ്രായം പ്രണയത്തെ തളര്‍ത്തില്ലെന്ന് കാണിച്ചുതന്നിരിക്കുകയാണ് രാജനും സരസ്വതിയും. പ്രണയദിനമായ ഇന്ന് 58കാരനായ രാജനും 65കാരിയായ സരസ്വതിയും വിവാഹിതരാവുകയാണ്. കോവിഡ് കാലത്ത് തുടങ്ങിയ പ്രണയമാണ് പ്രായാതിര്‍ത്തികള്‍ ഭേദിച്ച് കതിര്‍മണ്ഡപത്തില്‍ എത്തി നില്‍ക്കുന്നത്.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജന്. അടൂര്‍ മണ്ണടി സ്വദേശിയാണ് സരസ്വതി. ശരണാലയത്തിലെ അന്തേവാസികളായ ഇരുവരും പ്രണയദിനമായ ഇന്ന് വിവാഹിതരാകുകയാണ്. ശബരിമല സീസണില്‍ പമ്പയിലും പരിസരത്തുമുള്ള കടകളില്‍ പാചകം ചെയ്തുവരികയായിരുന്നു രാജന്.
സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിച്ചതിനിടെ സ്വന്തം വിവാഹത്തെക്കിറിച്ച് രാജന് ചിന്തിച്ചില്ല. ജോലി ചെയ്തു കിട്ടുന്ന പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. ലോക്ക്ഡൗണായതോടെ രാജനുള്‍പ്പെടെ ആറുപേരെ പമ്പ പൊലീസ് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചു.
ഇവിടെ വയോജന സംരക്ഷണവും പാചകവും രാജന് സ്വയം ഏറ്റെടുത്തു. 2018 ഫെബ്രുവരി മുതല്‍ മഹാത്മയിലെ അംഗമാണ് സരസ്വതി. സംസാരവൈകല്യമുള്ള അവിവാഹിതയായ സരസ്വതി മാതാപിതാക്കള്‍ മരണപ്പെട്ടതോടെയാണ് തനിച്ചായത്. ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇവരെ മഹാത്മയിലെത്തിച്ചത്.
തുല്യ ദുഃഖിതരായ രാജനും സരസ്വതിയും പ്രണയത്തിലായത് ലോക്ക്ഡൗണ്‍ കാലത്താണ്. പരസ്പരം ഇഷ്ടമാണെന്ന വിവരം ഇവര്‍തന്നെ മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ലയെ അറിയിച്ചു. അങ്ങനെയാണ് പ്രണയദിനമായ ഫെബ്രുവരി 14ന് രാവിലെ 11നും 11.30നും ഇടയിലെ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്.