കോട്ടയം: ഗൂഗിള്‍ മാപ്പിനെയും വിശ്വസിച്ച് പോകുന്നവരെ പലപ്പോഴും മാപ്പ് ചതിച്ച കഥ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മാപ്പിനെയും വിശ്വസിച്ച് വണ്ടിയോടിച്ച ട്രെയ്ലര് ലോറി ഡ്രൈവറെ ഗൂഗിള്‍ മാപ്പ് ചതിച്ച വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
ഗൂഗിള്‍ വിവരങ്ങള്‍ തെറ്റായി കാണിച്ചതോടെ ട്രെയ്ലര് ലോറി തട്ടി വൈദ്യുതക്കമ്പി പൊട്ടിവീണു. ഒഴിവായതു വന്‍ദുരന്തം. പുലര്‍ച്ചെ ഒരുമണിയോടെ കോട്ടയം നഗരത്തിലാണ് സംഭവം. നഗരത്തില്‍ നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോയ ട്രെയ്ലര് ലോറിയുടെ കണ്ടെയ്നര്‍ വൈദ്യുതക്കമ്പിയില്‍ തട്ടുകയായിരുന്നു.
എംസി റോഡിലൂടെ ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ ഡ്രൈവര്‍ പുത്തേട്ട് ഭാഗത്തു നിന്നു സൂര്യകാലടി മന- മോസ്കോ ഭാഗത്തേക്കുള്ള റോഡിലേക്കു തിരിഞ്ഞു. വലിയ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ള റോഡിലൂടെ എത്തിയ ലോറി തട്ടിയതോടെ വൈദ്യുതക്കമ്പികള്‍ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ട നിലയിലാണ്. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ചെയ്ത ശേഷം വൈദ്യുതി വകുപ്പിനെ അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികളെടുത്തു.