തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അജ്ഞാതരുടെ ആക്രമണം. സ്കൂളില്‍ കയറി നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു, കൂടാതെ ഒരു സ്കൂള്‍ ബസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് അജ്ഞാതരുടെ അഴിഞ്ഞാട്ടം നടന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വകാര്യ സ്കൂളിലെ ആക്രമണം ശ്രദ്ധയില്‍പെടുന്നത്. ഇതേതുടര്‍ന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ് സ്ഥലത്ത് കാഞ്ഞിരംകുളം പോലീസും സംഘവും എത്തി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.
സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനാകൂവെന്ന് പോലീസ് പ്രതികരിച്ചു. അതേസമയം സെക്യൂരിറ്റി ജീവനക്കാര്‍ ഉള്ള സ്കൂളില്‍ ഇത്തരമൊരു അതിക്രമം നടന്നതിനു പിന്നില്‍ അട്ടിമറിക്ക് സാധ്യതയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.