തിരുവനന്തപുരം: അമ്പൂരിയില്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
വീട്ടില്‍ നിന്ന് എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
അതേസമയം, ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും അച്ഛന് സ്ഥിരീകരിച്ചു.
എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെടുത്തത്.