കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ സ്കൂള്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. കുട്ടികളെ ചൂഷണം ചെയ്യുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ക്രിമിനല്‍ കേസ് ഉണ്ടെന്നതിന്റെ പേരില്‍ സ്കൂള്‍ വണ്ടി ഓടിക്കാന്‍ ഹെഡ്മാസ്റ്റര് അനുവദിക്കുന്നില്ലെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ലൈസന്‍സുണ്ടെങ്കിലും കേസുകളിലെ പ്രതിയാണെന്ന പേരില്‍ ഗോത്ര സാരഥി പദ്ധതി പ്രകാരം മാനന്തവാടി നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാന്‍ ഹെഡ് മാസ്റ്റര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നീര്‍വാരം സ്വദേശിനി ദീപയും ഭര്‍ത്താവ് പ്രവീണും ഹര്‍ജി നല്‍കിയത്. സ്കൂള്‍ വാഹനം ഓടിക്കാന്‍ കരാര്‍ ലഭിച്ചവരാണ് ഹര്‍ജിക്കാര്‍.
ഗോത്ര സാരഥി പദ്ധതിക്ക് കീഴിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹെഡ്മാസ്റ്റര്‍ക്കും പിടിഎക്കും അധികാരമില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രവീണ്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടെന്നും ഹെഡ്മാസ്റ്റര് വ്യക്തമാക്കി.
പീഡനക്കേസില്‍ പ്രതിയായി കോടതി വെറുതെ വിട്ടയാളാണ് പ്രവീണെന്നും മറ്റൊരു കേസില്‍ മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്നും ഹെഡ്മാസ്റ്റര് പറഞ്ഞു. പ്രവീണ്‍ വാഹനമോടിക്കുന്നത് കുട്ടികളുടെ കാര്യത്തില്‍ സുരക്ഷിതമല്ലെന്നും വാദിച്ചു. തുടര്‍ന്നാണ് ക്രിമിനല്‍ കേസിലെ പ്രതികളെ സ്കൂള്‍ വാഹനം ഓടിക്കാന്‍ നിയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്.