തൃശൂര്‍: വധുവും വരനും ഉള്‍പ്പെടെ വിവാഹ സംഘത്തിലെ 39 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. വധു എളനാട് ഞാറക്കോട് രഞ്ജു (22), വരന് പാലക്കാട് വടക്കാഞ്ചേരി ആയക്കാട് പാഞ്ഞാംപറമ്പില്‍ ഗിരീഷ് (29) എന്നിവരടക്കം 39 പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എളനാട് തെണ്ടന്‍കാവില്‍ രാവിലെ ഒന്‍പതരയോടെയാണു സംഭവം. ഗിരീഷിന്റെയും രഞ്ജുവിന്റെ വിവാഹത്തിനായി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു സംഘം. ക്ഷേത്ര വളപ്പിലെ ആലിന്റെ കൊമ്പില്‍ കൂട് കൂട്ടിയ തേനീച്ചകളാണ് ആക്രമണകാരികളായി എത്തിയത്. പക്ഷികള്‍ കൊത്തിയതാകാം തേനീച്ചക്കൂട് ഇളകാന്‍ കാരണമെന്നാണു നിഗമനം.
താലി കെട്ട് കഴിഞ്ഞതിന് ശേഷമാണു തേനീച്ചകള്‍ കൂട്ടത്തോടെ വിവാഹ സംഘത്തെ പൊതിഞ്ഞത്. പരുക്കേറ്റവരെ ഉടന്‍ തന്നെ പരുത്തിപ്ര കുടുംബാരോഗ്യകേന്ദ്രത്തിലും എളനാട് എന്‍എസ്എ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വധുവിന്റെ അച്ഛന് മണിക്കു ദേഹാസ്വാസ്ഥ്യവും ബോധക്ഷയവും അനുഭവപ്പെട്ടതിനാല്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.