തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ സ്വീകരിക്കും. എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള ഹയര്‍സെക്കന്ററി വകുപ്പിന്റെ തീരുമാനം.
വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 13നാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ നാലിനാണ്. മുഖ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നല്‍കിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകളും തുടങ്ങും.
സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം നല്‍കുക. എന്നാല്‍ കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലം പ്രസിദ്ധപ്പെടുത്താന്‍ വൈകിയാല്‍ ഇത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കും.