തിരുവനന്തപുരം: അടിയന്തര ഹൃദയശസ്ത്രക്രിയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ ‘ജിഹാദിയുടെ വിത്ത്’ എന്ന് അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ പോലീസ് കേസ് എടുത്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മതസ്പര്ധയ്ക്കിടയാക്കും വിധം പോസ്റ്റിട്ടതിനാണ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ മുഴുകി. സോഷ്യല്‍ മീഡിയ വഴി ആംബുലന്‍സിന് പോകാന്‍ വഴി ഒരുക്കി.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഹിന്ദുരാഷ്ട്ര സേവകനാണ് ബിനില്‍. ബിനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേര് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.