തിരുവനന്തപുരം: കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പ്രചാരണ വീഡിയോക്കെതിരെ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കേരളത്തിലെ സ്ത്രീകളെക്കുറിച്ച് സുധാകരന് ഒന്നും അറിയില്ലെന്നും, പ്രചാരണ വീഡിയോ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണെന്നും സുഭാഷിണി അലി പറഞ്ഞു.
മുതിര്‍ന്ന വനിതാ നേതാക്കള്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ ഉള്ള വനിതാ നേതാക്കളെ തന്നെ അപമാനിക്കുകയാണ് കെ സുധാകരന്. സുധാകരന് കോണ്‍ഗ്രസിന്റെ പാരമ്പര്യം മറന്നെന്നും സുഭാഷിണി അലി കുറ്റപ്പെടുത്തി. പോരാട്ടത്തിന്റെ ചരിത്രം മറന്ന കോണ്‍ഗ്രസ് ഇപ്പോള്‍ കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയാണെന്നും സുഭാഷിണി അലി തിരുവനന്തപുരത്ത് പറഞ്ഞു.
‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെ സുധാകരന് ഫേസ്ബുക്കില്‍ പങ്ക് വച്ച ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള പ്രചാരണ പരസ്യത്തിനെതിരെയാണ് സുഭാഷിണി അലി വിമര്‍ശനം ഉന്നയിച്ചത്. പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കടുത്ത സ്ത്രീ വിരുദ്ധത നിറഞ്ഞതാണ് പരസ്യമെന്നാണ് ഉയരുന്ന ആരോപണം.
അതിനിടെ, സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് അധ്യക്ഷ എം സി ജോസഫെയ്നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.