കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് പോലീസ് കമ്മീഷണര്‍ക്ക് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവന്റെ പരാതി. തനിക്കെതിരെ ഒരു ദൃശ്യമാധ്യമം തന്റേതല്ലാത്ത ശബ്ദം ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്ത വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തും തന്റെ പേരു ദുരുപയോഗം ചെയ്തും ചിലര്‍ വ്യക്തിഹത്യക്ക് ശ്രമിക്കുന്നുവെന്നാണ് രാഘവന് കമ്മീഷണര്‍ എവി ജോര്‍ജിന് നല്കിയ പരാതിയില്‍ പറയുന്നത്.
വീഡിയോയുടെ ശാസ്ത്രീയതയും വിശ്വാസ്യതയും തെളിയിക്കപ്പെടുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണമെന്നും ഇത് പ്രസിദ്ധീകരിച്ചവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും രാഘവന് അവശ്യപ്പെടുന്നു.
അതേസമയം, ഒളിക്യാമറ ഓപ്പറേഷനില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് എംകെ രാഘവന് നോട്ടീസ് നല്‍കിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഡിസിപി വാഹിദാണ് നോട്ടീസ് നല്‍കിയത്. ഒരു ദേശിയ മാധ്യമത്തിന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട ഒളിക്യാമറാ ദൃശ്യങ്ങളാണ് എംകെ രാഘവനെതിരായ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ ദൃശ്യങ്ങള്‍ രാഘവന് നിഷേധിച്ചിരുന്നു.