കണ്ണൂര്‍: യുഎച്ച്ടി(അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍) സംസ്കരണ പ്രക്രിയയിലൂടെ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന മില്‍മ ലോങ് ലൈഫ് പാല് വിപണിയിലേക്ക്. 500 മില്ലി ലിറ്ററിന് 23 രൂപയാണ് വില.
കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ മില്‍മ മലയോര ഡയറിയില്‍ നിന്നാണ് ലോങ് ലൈഫ് പാല് ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവിടെ യുഎച്ച്ടി സംസ്കരണ സംവിധാനം ആരംഭിച്ചത്. കേരളത്തിലെ മില്‍മയുടെ ആദ്യത്തെ അള്‍ട്ര ഹൈ ടെമ്പറേച്ചര്‍ സംസ്കരണ പ്ലാന്റാണ് ശ്രീകണ്ഠാപുരത്ത് ആരംഭിച്ചത്.
യുഎച്ച്ടി സംസ്കരണ പ്രക്രിയയിലൂടെ പാല് അണുവിമുക്തമാക്കാനും പ്രത്യേക പാക്കിങ്ങിലൂടെ 90 ദിവസം മുതല്‍ 180 ദിവസം വരെ കേടുവരാതെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാനുമാകും.
സാധാരണ മില്‍മ പാല് പൂര്‍ണമായും പാസ്ചറൈസ് ചെയ്ത് അണുവിമുക്തമാക്കിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ തണുപ്പിച്ച് സൂക്ഷിക്കാതിരുന്നാല്‍ എട്ട് മണിക്കൂറില്‍ താഴെ മാത്രമാണ് പാലിന്റെ ആയുസ്സ്. ഇതിന് പരിഹാരമായാണ് മില്‍മ ‘ലോങ് ലൈഫ് മില്‍ക്ക്’ എന്ന പേരില്‍ യുഎച്ച്ടി പാല് വിപണിയിലെത്തിയിരിക്കുന്നത്.
73 ഡിഗ്രിയില്‍ ചൂടാക്കി സംസ്കരിച്ചതിനുശേഷമാണ് സാധാരണ മില്‍മ പാല് വിപണിയിലെത്തുന്നതെങ്കില്‍ ഇത് അങ്ങനെയല്ല. യുഎച്ച്ടി പ്രക്രിയയില്‍ 140 ഡിഗ്രിയില്‍ ചൂടാക്കി അഞ്ച് ലെയറുകളുള്ള കവറുകളില്‍ പാക്ക് ചെയ്താണ് ലോങ് ലൈഫ് പാല് ഉത്പാദിപ്പിക്കുന്നത്.