തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ വരെ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സമയത്ത് കേരളത്തിലെ ചൂട് ദീര്‍ഘകാല ശരാശരിയെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ദിവസേനയുള്ള വര്‍ധന ഇതിലും കൂടുതലായിരിക്കും. അത് ഇപ്പോള്‍ പ്രവചിക്കാനാവില്ല. അഞ്ചുദിവസം കൂടുമ്പോഴാണ് ദിവസേനയുള്ള ചൂടിലെ വ്യതിയാനം കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ജൂണില്‍ കേരളത്തില്‍ മഴക്കാലമാണ്. അതിനാല്‍ ഏപ്രില്‍, മേയ് മാസങ്ങളിലാവും കേരളത്തില്‍ കൂടിയ ചൂട് അനുഭവപ്പെടുക.
വരുംദിവസങ്ങളില്‍ കേരളത്തില്‍ രാവിലെ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് (മിനിമം ടെമ്പറേച്ചര്‍) ശരാശരിയില്‍ നിന്ന് അര ഡിഗ്രി മുതല്‍ ഒരു ഡിഗ്രിയോളം കൂടുതലായിരിക്കും. ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന കൂടിയചൂട് (മാക്സിമം ടെമ്പറേച്ചര്‍) അര ഡിഗ്രി കുറയാനും അര ഡിഗ്രിവരെ കൂടാനും സാധ്യതയുണ്ട്.
ഇപ്പോള്‍ ഉള്ളത് പോലെ വരും ദിവസങ്ങളിലും രാവിലെ മുതല്‍ ചൂട് അസഹനീയമാകാന്‍ സാധ്യതയുണ്ടെന്നാണ് ഇത് നല്കുന്ന സൂചന. എന്നാല്‍, കേരളം ഉഷ്ണതരംഗ മേഖലയില്‍ പെടുന്നില്ല. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഉഷ്ണതരംഗമേഖലയിലുള്ളത്.