ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് സിപിഎം. രാഹുല്‍ വയനാട്ടിലേയ്ക്ക് വരുന്നത് കൊണ്ട് എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് സീതാറാം യെച്ചൂരി ചോദിച്ചു. കാലങ്ങളായി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും നരേന്ദ്ര മോഡി നയിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തണമെന്നതിനാണ് സിപിഎം മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത്പക്ഷത്തിന് എതിരെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശങ്കകള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രത്യേകം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയാണ് പ്രഖ്യാപിച്ചത്.