തിരുവനന്തപുരം: തന്റെ ട്വീറ്റ് വളച്ചൊടിച്ച് തനിക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ‘ഓക്കാനം വരുന്ന’ എന്ന അര്‍ത്ഥത്തിലല്ല സ്ക്വീമിഷ് എന്ന വാക്ക് താന്‍ ഉപയോഗിച്ചത്. താന്‍ സ്വയം പരിഹസിച്ചെഴുതിയ വാക്കുകളാണ് എതിരാളികള്‍ തെറ്റിദ്ധരിപ്പിക്കുന്നത്. സ്വയം പരിഹസിക്കുന്നത് താന്‍ നിര്‍ത്തുകയാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ കുടുംബാംഗങ്ങളെല്ലാം മത്സ്യം കഴിക്കുന്നവരാണ്. താന്‍ മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളെ കണ്ടാല്‍ ഓക്കാനം വരുന്ന ആളല്ല താന്‍. ഓഖി ദുരന്തത്തില്‍ താന്‍ ആദ്യവസാനം മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം നിന്നയാളാണെന്നും ശശി തരൂര്‍ പറഞ്ഞു.
എല്‍ഡിഎഫും ബിജെപിയും നുണ പ്രചരിപ്പിക്കട്ടെ. താന്‍ സത്യം പറഞ്ഞ് ജയിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രശ്നത്തില്‍ ഇടപെടണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.