തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങും. വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യമാണ് ഒരു കുടുംബത്തിന് പുതിയ പദ്ധതിയില്‍ ലഭിക്കുക. പരമാവധി അഞ്ചുപേര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. പുതുക്കിയ പദ്ധതിപ്രകാരം ഓരോ ഗുണഭോക്താവിനും പ്രത്യേകം കാര്‍ഡ് നല്‍കും. മുമ്പ് ഗൃഹനാഥന്റെ പേരില്‍ മാത്രമായിരുന്നു കാര്‍ഡ്.
ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പുതുക്കല്‍ നടപടികള്‍ തുടങ്ങുക.സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കാര്‍ഡ് പുതുക്കാം. കാര്‍ഡ് പുതുക്കാനായി എത്തുന്നവര്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിനൊപ്പം ആധാര്‍കാര്‍ഡും ഹാജരാക്കണമെന്ന് നിര്‍ബന്ധമാണ്.
നിലവിലുള്ള സമഗ്ര ആരോഗ്യപദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ഓടെ അവസാനിക്കും. ഈ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ ‘ഗോള്‍ഡന്‍ കാര്‍ഡ്’ എന്നപേരില്‍ പുതിയ കാര്‍ഡ് എടുക്കണം. എങ്കില്‍ മാത്രമെ കാരുണ്യ ആരോഗ്യപദ്ധതിയില്‍ അംഗത്വം ലഭിക്കുകയുള്ളു. ചികിത്സയ്ക്കായി എത്തുന്നവര്‍ക്കായിരിക്കും ആശുപത്രികളില്‍ കാര്‍ഡ് പുതുക്കി നല്‍കുന്നതിന് മുന്‍ഗണന ലഭിക്കുക. എന്നാല്‍, മറ്റുള്ളവര്‍ക്കും ആശുപത്രികളിലെ കൗണ്ടറില്‍ നിന്ന് കാര്‍ഡ് പുതുക്കാം.
കാര്‍ഡ് പുതുക്കിയെടുക്കാന്‍ നാലുമാസത്തെ സാവകാശം ലഭിക്കും. ഏപ്രില്‍ അവസാനത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇതിനായി ക്യാംപുകള്‍ നടത്തും. സമഗ്ര ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെട്ട 40.96 ലക്ഷത്തോളം കുടുംബങ്ങളെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലേക്ക് മാറ്റുന്നത്.