ചേര്‍ത്തല: ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് ഇന്നസെന്റ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു.
ഇന്നസെന്റ് ജനകീയനായ നേതാവാണെന്നും പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു സിനിമാ നടന് എന്ന നിലയില്‍ ഇന്നസെന്റ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനകീയനായി വരുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ദേഹം ചാലക്കുടിയില്‍ വിജയിക്കുമെന്നും കരുതിയിട്ടുണ്ടാകില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. എതിര് സ്ഥാനാര്ത്ഥിയെന്നല്ല ആരെക്കുറിച്ചും അധികം വിമര്‍ശനം ഉന്നയിക്കാത്ത ആളാണ് ഇന്നസെന്റ്. മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും അതുതന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, ഇന്നസെന്റിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിലൊന്നും അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയില്ല.
അതേസമയം, രാഷ്ട്രീയം മാത്രമല്ല, വികസനവും താന്‍ പറയുന്നുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. എതിര് സ്ഥാനാര്‍ത്ഥിക്കെതിരെ മാത്രം പറഞ്ഞാല്‍ ജനങ്ങള്‍ തന്റെ വ്യക്തിത്വവും അളക്കും. വോട്ടു തേടി എന്‍എസ്എസിനെ സമീപിക്കില്ലെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ആവേശത്തിലാണെന്നും ഇന്നസെന്റ് പറഞ്ഞു. ആദ്യം മത്സര രംഗത്തെത്തിയപ്പോള്‍ താന്‍ ആരും അല്ലായിരുന്നു. എന്നാല്‍ തനിക്ക് ഇപ്പോള്‍ പലതും പറയാനുണ്ട്. ചാലക്കുടിയില്‍ 1700 കോടി രൂപയുടെ വികസനങ്ങള്‍ കൊണ്ടുവരാന്‍ തനിക്കു സാധിച്ചുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.