കണ്ണൂര്‍: പഠിപ്പിക്കാന്‍ ആവശ്യത്തിന് അധ്യാപകരില്ലാതെ സര്‍ക്കാര്‍ സ്കൂളുകള്‍. ഒഴിവുകള്‍ നിരവധിയുണ്ടായിട്ടും സ്ഥിരനിയമനം നടത്താതെ താത്കാലികമായി അധ്യാപകരെ നിയമിച്ചാണ് പല സ്കൂളുകളിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. എന്നാല്‍ ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായി രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ എല്‍പി, യുപി വിദ്യാലയങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം 313 അധ്യാപകരുടെ ഒഴിവാണുള്ളത്. എല്‍പിഎസ്എ.-216, യുപിഎസ്എ.-97 എന്നിങ്ങനെയാണിത്. കൂടാതെ എച്ച്എസ്എയില് 69 അധ്യാപക ഒഴിവുമുണ്ട്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടപടികള്‍ കോടതികള്‍ കയറിയിറങ്ങുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായത്.
ഈ അധ്യായന വര്‍ഷം അവസാനിക്കുമ്പോള്‍ നിരവധി അധ്യാപകരാണ് വിരമിക്കുന്നത്. ഇവരുടെ ഒഴിവുകള്‍ കൂടി വരുമ്പോള്‍ പ്രതിസന്ധി ഉയരാനാണ് സാധ്യത. കോടതി ഉത്തരവ് ലഭിക്കുന്നതിന് അനുസരിച്ച്
നിയമന ശുപാര്‍ശ അയച്ചുതുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ ജില്ലാ ഓഫീസുകളില്‍ തുടങ്ങിയിട്ടുപോലുമില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു.