കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഉണ്ടായ ആക്രമണങ്ങളില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 13 ഓളം ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങിയതായും കെപി ശശികലയും, കെഎസ് രാധാകൃഷണനും അടക്കമുള്ള നേതാക്കളെ പ്രതികളാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
ജനുവരി 3നാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി ഇപ്പോള്‍ തന്നെ ആരംഭിച്ചിരിക്കുകയാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള, ആര്‍എസ്എസ് സംസ്ഥാന നേതാവ് പിഇബി മേനോന്, മുന്‍ കാലടി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെഎസ് രാധാകൃഷണന്, മുന്‍ ഡിജിപി സെന്‍കുമാര്‍, കെ സുരേന്ദ്രന് തുടങ്ങിയ പ്രമുഖരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹര്‍ത്താലില്‍ നേരിട്ട് ഇവര്‍ പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ആഹ്വാനപ്രകാരമാണ് ഹര്‍ത്താല്‍ നടപ്പായത്. അതുകൊണ്ട് തന്നെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ആഹ്വാനം ചെയ്തവര്‍ക്ക് ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.