തിരുവനന്തപുരം: ചരക്ക് ലോറികള്‍ തടഞ്ഞ് നിര്‍ത്തി ഹൈവേ പോലീസ് പണപ്പിരിവ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയില്‍. മദ്യപിച്ചവരെയും വണ്ടി ഒതുക്കി കിടന്നുറങ്ങിയവരെയും വിജിലന്‍സ് പിടികൂടി.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണീറ്റുകളും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.സിഗരറ്റ് പായക്കറ്റിലും സീറ്റിനടിയിലും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കണക്കില്‍പെടാത്ത 14000 രൂപയാണ് ഹൈവേ പോലീസ് വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. മലപ്പുറം വഴിക്കടവ് റൂട്ടില്‍ പെട്രോളിംഗ് നടത്തിയ വാഹനത്തില്‍ നിന്നാണ് ഉയര്‍ന്ന തുക പിടിച്ചത്.
അനധികൃത പണപ്പിരിവിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട് എസ്ഐയെും സംഘത്തെയും ഉപേക്ഷിച്ച് വണ്ടിയുമായി പോലീസ് ഡ്രൈവര്‍ കടന്നു കളഞ്ഞു. റോഡിലായി പോയ പോലീസുകാരെ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പിന്നീട് സഹായിച്ചത്.
റോഡ് സൈഡില്‍ വണ്ടി ഒതുക്കി കിടന്ന് ഉറങ്ങിയവരെയും മദ്യപിച്ചവരെയും റെയ്ഡില്‍ പിടിച്ചു. തൃശൂരില്‍ നിന്നാണ് മദ്യപിച്ച എസ്ഐയെ റെയ്ഡില്‍ പിടിച്ചത്. കൊയിലാണ്ടിയിലും കൊണ്ടോട്ടിയിലും കരുനാഗപ്പള്ളിയിലും കഴക്കൂട്ടത്തും വണ്ടി ഒതുക്കിയിട്ട് കിടന്ന് ഉറങ്ങിയ പോലീസുകാരെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് വിളിച്ചുണര്‍ത്തിയത്.
പെട്രോളിംഗ് വാഹനങ്ങളില്‍ സൂക്ഷിക്കേണ്ട അത്യാവശ്യ വസ്തുക്കളായ സ്ട്രെക്ചര്‍ കയര്‍ തുടങ്ങിയവ വണ്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് എഡിജിപി അനില്‍കാന്ത് പറഞ്ഞു.