തിരുവല്ല: രണ്ട് പേരെ വെട്ടിയ കേസിലെ പ്രതി, അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയെ കുത്തിവീഴ്ത്തി. തിരുവല്ല വെണ്‍പാല കല്ലുങ്കല്‍ സെറ്റില്‍മെന്റ് കോളനിയില്‍ മോഹനന് (50) ആണ് പുളിക്കീഴ് സ്റ്റേഷനിലെ എഎസ്ഐ തിരുമൂലപുരം മാലിപ്പുറത്ത് വീട്ടില്‍ അനിരുദ്ധനെ (51) കുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കല്ലുങ്കലിലാണ് സംഭവം.
അടിവയറ്റില്‍ കുത്തേറ്റ എഎസ്ഐയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെണ്‍പാല ചെറുമുട്ടത്തു വീട്ടില്‍ സജി (54), കുറ്റൂര്‍ തെങ്ങേലി മനീഷ് ഭവനില്‍ വിജയന് (56) എന്നിവരെ മോഹനന് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.
റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടികളെ ശല്യംചെയ്യുന്നത് ചെയ്തതിനാണ് മോഹനന് ഇരുവരെയും വെട്ടിയത്. കഴുത്തിലും പുറത്തും പരുക്കേറ്റ ഇവരെയും തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലാണ്.
സംഭവം കണ്ട നാട്ടുകാര്‍ ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എഎസ്ഐ അനിരുദ്ധന് ഉള്‍പ്പെട്ട നാലംഗ പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തു. ഇതില്‍ ക്ഷുഭിതനായ മോഹനന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് എഎസ്ഐയെ കുത്തി വീഴ്ത്തുകയായിരുന്നു. അക്രമാസക്തനമായ ഇയാളെ മറ്റു പൊലീസുകാര്‍ ചേര്‍ന്ന് ബല പ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.