ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവെച്ചു. ഏപ്രില്‍ മാസത്തിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ കേസില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വാദത്തിന് കുറച്ചുകൂടി സമയം വേണമെന്ന സിബിഐ ആവശ്യത്തെ തുടര്‍ന്നാണ് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് മാറ്റിയത്.
കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാം. അഭിഭാഷകന് തയ്യാറാണെങ്കില്‍ ഇന്ന് തന്നെ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചു. എന്നാല്‍ കൂടുതല്‍ സമയം എടുക്കുന്ന കേസായതിനാല്‍ വാദം ഇന്ന് നടത്താന്‍ തയ്യാറല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത പറഞ്ഞു. അതേസമയം ഹോളി അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന് വി ഗിരി ആവശ്യപ്പെട്ടു.
വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെ് ലാവലിന്‍ കേസില്‍ പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.