മലപ്പുറം: ഇന്ത്യയുടെ സ്വന്തം മുരിങ്ങ ലോകവിപണി കീഴടക്കുന്നു. ആഗോളവിപണിയില്‍ മുരിങ്ങ ഉത്പന്നങ്ങളുടെ വാര്‍ഷികവില്‍പ്പന 27,000 കോടി രൂപയിലേറെയാണ്. കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയാണ് മുരിങ്ങയുടെ ജന്മദേശം.
ദിനംപ്രതി മുരിങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. വര്‍ഷംതോറും പത്തുശതമാനത്തോളം വില്‍പ്പന വര്‍ധിക്കും. 2020-ഓടെ മുരിങ്ങയുടെ ആഗോളവിപണി 47,250 കോടി രൂപ കടക്കും. 900 മുതല്‍ 2000 രൂപവരെയാണ് ഒരു കിലോഗ്രാം മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന്റെ വില. അമേരിക്കയില്‍ 30 ഡോളര്‍ (2100 രൂപയിലേറെ) വരും. മുരിങ്ങാപ്പൊടിയുടെ 60 കാപ്സൂളിന് 700 രൂപയാണ് വില. മുരിങ്ങക്കുരു എണ്ണ ലിറ്ററിന് ഇന്ത്യയില്‍ 3000 രൂപയാണെങ്കില്‍ അമേരിക്കയില്‍ നാല് ഔണ്‍സിന് 3500 രൂപയാണ്.
മുരിങ്ങപ്പൂവില്നിന്നുള്ള തേനിന്, മുരിങ്ങ ധാരാളമുള്ള തമിഴ്നാട്ടില്‍ത്തന്നെ സാധാരണ തേനിനെക്കാള്‍ കിലോയ്ക്ക് 200-ഉം 300-ഉം രൂപ കൂടുതലുണ്ട്. ഇംഗ്ലണ്ടില്‍ ബാറുകളിലും മദ്യം കഴിക്കാനെത്തുന്നവര്‍ക്ക് കരള്‍രോഗത്തെ പ്രതിരോധിക്കാന്‍ മുരിങ്ങയിലപ്പൊടി നല്‍കുന്നുണ്ട്.
ഫിലിപ്പീന്‍സ്, നൈജീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ മുരിങ്ങയുണ്ടെങ്കിലും മികച്ച മുരിങ്ങ ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ചൈന, അമേരിക്ക, കാനഡ, ദക്ഷിണകൊറിയ, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒഡിഷ എന്നിവിടങ്ങളില്‍ മുരിങ്ങ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതിന്റെ സാധ്യത മനസ്സിലാക്കിയിട്ടില്ല.
മികച്ച ഔഷധമായും പോഷകങ്ങള്‍ നിറഞ്ഞ ‘സൂപ്പര്‍ഫുഡാ’യും യൂറോപ്പും അമേരിക്കയും മുരിങ്ങയെ സ്വീകരിച്ചതോടെയാണ് മുരിങ്ങ ഉത്പന്നങ്ങള്‍ക്ക് സാധ്യതയേറിയത്. ലോകാരോഗ്യ സംഘടനയും യൂണിസെഫും മുരിങ്ങയെ സൂപ്പര്‍ഫുഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണിനോക്കിയാല് മുരിങ്ങയുടെ വില മനസ്സിലാക്കാം.