കൃഷി ഭാവിയില്ലാത്ത മേഖലയാണെന്ന തെറ്റിദ്ധാരണ മാറ്റണമെന്നും ചെറുപ്പക്കാര്‍ കടന്നു വരേണ്ട മേഖലയാണ് കൃഷിയെന്നും കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഒരു കാര്‍ഷിക മേളയായല്ല വൈഗ എന്ന പേരില്‍ നടത്തിയ അന്താരാഷ്ട്ര ശില്പശാല കാണേണ്ടതെന്നും കാര്‍ഷിക മേഖലയിലെ മൂല്യ വര്‍ധനവിലൂടെ സുസ്ഥിരമായ വരുമാനമുണ്ടാക്കി കര്‍ഷകരെ രക്ഷപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ അവരുടെ പ്രാഥമിക വിളവുകള്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാക്കി വിറ്റഴിക്കാനുള്ള അവസരമുണ്ടാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മേള ചെറുപ്പക്കാര്‍ കടന്നു വരേണ്ട മേഖലയാണ് കൃഷിയെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ്. അന്യ സംസ്ഥാനങ്ങളിലുള്ള കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കേരളത്തിലെത്തിക്കാനും നമ്മുടെ ഉത്പന്നങ്ങള്‍ പുറത്തുള്ളവര്‍ക്ക് കൊടുക്കാനും തങ്ങള്‍ അവസരമൊരുക്കിയെന്നും വൈഗയിലൂടെ സാങ്കേതിക വിദ്യകള്‍ കര്ഷകരിലെത്തിക്കുകയാണെന്നും യാതൊരു ഭാവിയുമില്ലാത്ത മേഖലയാണ് കൃഷിയെന്നത് തെറ്റിദ്ധാരണയാണെന്നും കൃഷി ഒരാവേശമായി ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്നും വി എസ് സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കൃഷി സമൂഹത്തിന്റെ പ്രാഥമികമായ മേഖലയാണെന്ന് എല്ലാവരും തിരിച്ചറിയണം. നമ്മുടെ ജീവിതവുമായും പ്രകൃതി സംരക്ഷണവുമായും ആരോഗ്യവുമായും സംസ്കാരവുമായും ബന്ധപ്പെട്ടു കിടക്കുന്ന മേഖലയാണ് കൃഷിയെന്നും മണ്ണിലിറങ്ങാതെ നമുക്ക് കൃഷി ചെയ്യാന്‍ പറ്റില്ലെന്നും ഭാവിയില്‍ കൃഷിയില്ലാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കൃഷിയിലേക്ക് വരാനുള്ള വഴിയാണ് തങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതെന്നും കൃഷിയും കൃഷിക്കാരും സമൂഹത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ളവരാണെന്ന് എല്ലാവരും മനസിലാക്കണമെന്നും കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.