ന്യൂഡല്‍ഹി: അവകാശികളില്ലാതെ കേരളത്തിലെ പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്നത് 259 കോടി രൂപയെന്ന് മന്ത്രി മനോജ് സിന്‍ഹ. എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി രാജ്യസഭയെ ഇക്കാര്യം അറിയിച്ചത്. രാജ്യമൊട്ടാകെയുള്ള പോസ്റ്റോഫീസ് നിക്ഷേപങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 9395 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ 5064 പോസ്റ്റോഫീസുകളിലെ 79 ലക്ഷം അക്കൗണ്ടുകളിലായി ആകെയുള്ള 2648 കോടി രൂപയില്‍ 259 കോടി രൂപയ്ക്കാണ് അവകാശികളില്ലാത്തത്. ഈ തുക ഉപയോഗപ്പെടുത്തുന്നതിനായി നയമുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും കൂടുതല്‍ തുക അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് ബംഗാളിലാണ്. ഇത് 1591 കോടിയോളം വരും. ഡല്‍ഹിയില്‍ കെട്ടിക്കിടക്കുന്നത് 1112 കോടിയുമാണ്. രാജ്യത്തെ 18.70 കോടി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലായി 1,10,421 കോടി രൂപയാണ് നിക്ഷേപമായുള്ളത്.