കാട്ടാക്കട: ക്രിസ്തുമസ് ആഘോഷത്തിന് ജീവനുള്ള പുല്‍ക്കൂടൊരുക്കി കിള്ളി പനയംകോട്ടെ സിയോണ്‍പുരം ലൂഥറന്‍ പള്ളി ശ്രദ്ധ നേടുന്നു. ഈ കൂറ്റന്‍ പുല്ക്കൂടിലെ ആട്ടിടയന്മാരും, ആടുകളും, മാലാഖമാരും, വണികസംഘവും, കഴുതയും, ഒട്ടകവുമൊക്കെ ജീവനുള്ളവയാണ്.
കാഴ്ചയ്ക്കൊപ്പം കൗതുകവും ഉണ്ടാക്കുന്നതാണ് ജോസഫും, മറിയവും, ഉണ്ണിയേശുവും പുനരവതരിച്ച കാഴ്ച. മുന്തിരിത്തോട്ടവും, മഞ്ഞുമലകളും, വെള്ളച്ചാട്ടങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളും കാഴ്ചയ്ക്ക് കൊഴുപ്പേകുമ്പോള്‍ പക്ഷികളുടെയും, മൃഗങ്ങളുടെയും ശബ്ദങ്ങള്‍ വേറിട്ടൊരു ലോകത്തേക്ക് കാണികളെ എത്തിക്കുന്നു. ഈ അപൂര്‍വ പുല്‍ക്കൂട് യാഥാര്‍ഥ്യമായത് ഫാ. ഷിബു പി ദാമോദറിന്റെ ആശയത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയത്തിന് ഇടവകയൊന്നാകെ പിന്തുണച്ചപ്പോഴാണ്.
ഇടവകയിലെ അംഗങ്ങളാണ് പുല്‍ക്കൂടിലേക്കുള്ള ആള്‍ക്കാരെല്ലാം. മൃഗങ്ങള്‍ ചിലത് പുറത്തുനിന്നെത്തിച്ചതും. ശനിയാഴ്ച വൈകീട്ട് സജ്ജമാക്കിയ പുല്‍ക്കൂട് 27വരെ രാത്രിയില്‍ ജനങ്ങള്‍ക്ക് കണ്ണിന് വിരുന്നാകും.