മറയൂര്‍: കൗതുകത്തോടെ ചന്ദനമരം കാണാന്‍ പോയ വിദേശി യുവതിയും യുവാവും പുലിവാലു പിടിച്ചു. സംരക്ഷിത വനമേഖലയായ മറയൂരിലെ ചന്ദനവനത്തില്‍ പ്രവേശിച്ച യുവാവും യുവതിയും ചന്ദനമരത്തിനരികെ നില്ക്കുന്നതും മരത്തില്‍ തൊടുന്നതും കണ്ട് സംശയം തോന്നിയ വാച്ചര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചു.
ശേഷം സ്കൂട്ടറില്‍ മൂന്നാറിലേക്ക് പോവുകയായിരുന്ന വിദേശികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പരിശോധനയില്‍ ചന്ദനമരത്തിന്റെ ഇലകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.യൂറോപ്പ്യന്‍ രാജ്യമായ മാള്‍ട്ട സ്വദേശികളായ ആന്റണിയും ബേണിയുമാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇരുവരും നാല് ദിവസം മുമ്പ് കേരളത്തിലെത്തിയതാണ്.
ചെറായിയില്‍ നിന്ന് മൂന്നാറിലെത്തിയപ്പോഴാണ് മറയൂര്‍ ചന്ദനമരപെരുമ അറിഞ്ഞത്. ശേഷം ഒരു സ്കൂട്ടര്‍ തരപ്പെടുത്തി മറയൂരിലെത്തുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞതായി ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. റോഡിനോട് ചേര്‍ന്നു നിന്ന ചന്ദനമരം അടുത്തു കാണാന്‍ ശ്രമിച്ചതാണ് ഇരുവരെയും പ്രശ്നത്തിലാക്കിയത്. കൂടാതെ സത്യാവസ്ഥ മനസിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചു.
വനം വകപ്പ് ഉദ്യോഗസ്ഥര്‍ വളരെ മാന്യമായും സ്നേഹത്തോടെയുമാണ് പെരുമാറിയതെന്ന് ആന്റണി പറഞ്ഞു. മറയൂരിലെത്തുന്ന പല സഞ്ചാരികളും നിയമമറിയാതെ സംരക്ഷിത വനമേഖലകള്‍ക്കുള്ളില്‍ കയറുകയും ചന്ദനമരത്തിന്റെ ചില്ലകള്‍ ഒടിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്.