കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന്റെയും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ്ജ പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന്. വൈകിട്ട് നാലിന് സിയാല്‍ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ടെര്‍മിനല്‍ നാടിന് സമര്‍പ്പിക്കുന്നത്. ടെര്‍മിനലിനോടൊപ്പം ഉദ്ഘാനം ചെയ്യുന്ന കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണെന്ന സവിശേഷത കൂടിയുണ്ട്. 2600 കാറുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാവുന്നതാണിത്.
ടെര്‍മിനല്‍ 240 കോടി മുടക്കിയാണ് വികസിപ്പിച്ചത്. ആറുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെര്‍മിനല്‍ പണികഴിപ്പിച്ചിരിക്കുന്നത്.കൂടാതെ മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള മികച്ച സൗകര്യമാണ് പുതിയ ടെര്‍മിനലില്‍ ഉണ്ട്.
കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സ്ഥാപിതശേഷി 30 മെഗാവാട്ടില്‍നിന്ന് 40 മെഗാവാട്ടിലേക്ക് ഉയര്‍ത്തുകയാണ്. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉദ്പാദിപ്പിക്കുന്നത്. 5.1 മെഗാവാട്ട് ശേഷിയുള്ള ഇവിടത്തെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണ്.
ഉദ്ഘാടന ചടങ്ങില്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ കെവിതോമസ് എംപി, ഇന്നസെന്റ് എംപി എന്നിവര്‍ മുഖ്യാതിഥികളാവും. മാനേജിങ് ഡയറക്ടര്‍ വിജെ കുര്യന് ആമുഖ പ്രസംഗം നടത്തും.