കൊച്ചി: പ്രളയാനന്തര കാലത്തെക്കൂടി കണക്കിലെടുത്ത് സാധാരണക്കാര്‍ക്ക് ക്രിസ്തുമസ് നവവത്സര സീസണില്‍ മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുമായി സര്‍ക്കാര്‍. പൊതുകമ്പോളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രത്യേക വിപണികള്‍ തുറക്കാന്‍ ഒരുങ്ങുന്നു.
ക്രിസ്തുമസ് പ്രമാണിച്ച് സപ്ലൈകോ 1600 വിപണികളും കണ്‍സ്യൂമര്‍ഫെഡ് 600 ക്രിസ്മസ് നവവത്സര വിപണികളും തുറക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ എംഎസ് ജയയും കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം മെഹബൂബും പറഞ്ഞു. സപ്ലൈകോ ക്രിസ്തുമസ് വിപണികള്‍ 14 മുതല്‍ 24 വരെയും കണ്‍സ്യൂമര്‍ഫെഡ് ക്രിസ്തുമസ് നവവത്സര വിപണികള്‍ 21 മുതല്‍ ജനുവരി ഒന്നുവരെയുമാണ് തുറക്കുക.
13 ഇനം സബ്സിഡി ഇനങ്ങളും രണ്ടു ഡസനോളം നോണ്‍ സബ്സിഡി ഇനങ്ങളും വിപണികളിലുണ്ടാവും. സബ്സിഡി ഇനങ്ങള്‍ക്ക് 30 മുതല്‍ 60 ശതമാനം വരെയും നോണ്‍ സബ്സിഡി ഇനങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെയും പൊതുകമ്പോളത്തേക്കാള്‍ വിലക്കുറവ് സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് വിപണികളില്‍ ഉണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സപ്ലൈകോ ക്രിസ്മസ് സ്പെഷ്യലായി ഇക്കുറി ഏഴു കിലോ വീതം അരി സൗജന്യമായി നല്‍കും. കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ലൈകോയുടെയും ക്രിസ്തുമസ് വിപണിയില്‍ സ്പെഷ്യല്‍ ഇനങ്ങളായി കേക്കും ഉണ്ടാകും. 750 ഗ്രാമിന്റെയും 350 ഗ്രാമിന്റെയും പ്ലം കേക്കുകള്‍ക്ക് പൊതു കമ്പോളത്തേക്കാള്‍ 30 ശതമാനം വിലക്കുറവുണ്ടാകും.
ആറ് കോര്പറേഷന് ആസ്ഥാനങ്ങളില്‍ സപ്ലൈകോ മെഗാമേളകളും ഉണ്ടാകും. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ 260 ത്രിവേണി ഷോപ്പുകളും ഓരോ നിയോജക മണ്ഡങ്ങളിലും ജില്ലാ ആസ്ഥാനത്തും സ്പെഷ്യല്‍ വിപണികളും തുറക്കും. കാര്‍ഡ് ഒന്നിന് അഞ്ചു കിലോ അരി, രണ്ടു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, അര കിലോ വീതം പല വ്യഞ്ജനങ്ങള്‍ എന്നിങ്ങനെയാണ് സബ്സിഡി ഇനങ്ങളായി നല്‍കുക.