കൊച്ചി: ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിക്ക് മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ്ണ നിയന്ത്രണ ചുമതല നല്കുന്ന ഉത്തരവ് പുറത്തുവന്നു. കഴിഞ്ഞ ദിവസം കോടതിയാണ് സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്.
സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത് ശബരിമലയുടെ പൂര്‍ണ്ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിയില്‍ നിക്ഷിപ്തമാകുന്ന വിധത്തിലാണ്. ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കുമെന്നും എന്ത് തീരുമാനമെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരും വകുപ്പുകളും സമിതിയുമായി സഹകരിക്കണമെന്നും ശബരിമല സ്പെഷല്‍ കമ്മീഷണര്‍ സമിതിയെ സഹായിക്കണമെന്നും ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വേണമെങ്കില്‍ സമിതിക്ക് ദേവസ്വം ബോര്‍ഡിനെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ ഹൈക്കോടതി നിശ്ചയിച്ചിരുന്നത് ജസ്റ്റിസ് പിആര്‍ രാമന്, എസ് സിരിജഗന്, ഡിജിപി ഹേമചന്ദ്രന് എന്നിവരടങ്ങുന്ന മൂന്നംഗ മേല്‍നോട്ട സമിതിയെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഈ സമിതിയുടെ ചുമതലകളും അധികാരവും വിശദമാക്കുന്ന ഹൈക്കോടതി ഉത്തരവാണ്.