കൊച്ചി: ഒക്ടോബറില്‍ അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 80 ഡോളര്‍ കടന്നതോടെ വില 100 ഡോളറിലേക്ക് കടക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ആഴ്ചകള്‍ കൊണ്ട് സ്ഥിതി മാറി. 80 ഡോളറിനു മുകളില്‍നിന്ന് അസംസ്കൃത എണ്ണവില 60 ഡോളറിന് താഴേക്കെത്തി. ഇപ്പോഴത്തെ വിലയിരുത്തല്‍ വില 50 ഡോളറിലേക്ക് എത്തുമെന്നതാണ്. ഇതിനൊപ്പം ഡോളറിന്റെ മൂല്യം 70 രൂപ നിലവാരത്തിനു മുകളിലേക്ക് പോകാതിരുന്നാല്‍ ഇരട്ടി നേട്ടമാകും ഉണ്ടാകുക.
ഇപ്പോഴത്തെ വിലയിടിവിന് കാരണം ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള എട്ടു രാജ്യങ്ങള്‍ക്ക് അടുത്ത ആറു മാസക്കാലം എണ്ണ വില്ക്കാന് ഇറാന് അമേരിക്ക അനുമതി നല്‍കിയതാണ്. ഉത്പാദനം കുറയ്ക്കേണ്ടതില്ലെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനം കൂടിയായതോടെ വിപണിയിലേക്ക് കൂടുതല്‍ എണ്ണ ഒഴുകാന്‍ തുടങ്ങി.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. വിലയിടിയുന്നത് സൗദി അറേബ്യ, റഷ്യ തുടങ്ങി എണ്ണ ഉത്പാദകര്‍ക്ക് തിരിച്ചടിയാണെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാണ്. അസംസ്കൃത എണ്ണയുടെ വില ഓരോ ഡോളര്‍ കുറയുമ്പോള്‍ ഇന്ത്യയുടെ ഇറക്കുമതി ഭാരം 6,160 കോടി രൂപയാണ് കുറയുന്നത്.
ഇന്ധനവില കുറഞ്ഞാല്‍ വിലക്കയറ്റത്തിന് ശമനമുണ്ടാകുമെന്നതാണ് ഏറ്റവും ആശ്വാസകരം. ഇന്ത്യ ഇന്ധനത്തിന് ഇറക്കുമതിയെ ഏതാണ്ട് പൂര്‍ണമായി ആശ്രയിക്കുന്ന സമ്പദ്ഘടനയാണ്. വിലക്കയറ്റം കുറയുന്നതോടെ, പലിശനിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം ഇല്ലാതെയാകും. കുറഞ്ഞ പലിശയ്ക്ക് പണം ലഭ്യമാകുന്നതോടെ അത് സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കും. ഇറക്കുമതി ഭാരം കുറയുന്നതോടെ വ്യാപാരക്കമ്മി കുറയുമെന്നതാണ് ഇന്ത്യക്ക് ആശ്വാസമാകുന്ന മറ്റൊരു ഘടകം.