പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തു പന്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. 250 ഓര്‍ഡിനറി ലോ ഫ്ളോര്‍ ബസുകളും 40 എസി വോള്‍വോ ബസുകളുമാണ് സര്‍വീസിന് തയാറാക്കിയിട്ടുള്ളത്. ബാക്കി 10 എണ്ണം ഇലക്ട്രിക് ബസുകളാണ്.
നിലയ്ക്കലില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു നിലയ്ക്കല്‍നിന്നു പന്പയിലേക്കും തിരിച്ചുമുള്ള ടൂവേ ടിക്കറ്റുകള്‍ നിലയ്ക്കലിലെ കൗണ്ടറുകളില്‍നിന്നു നല്‍കും. എല്ലാ ചെയിന്‍ സര്‍വീസ് ബസുകളിലും പ്രീപെയ്ഡ് ടിക്കറ്റുകള്‍ നല്കുന്നതിനാല് കണ്ടക്ടര്‍മാര്‍ ഉണ്ടാകില്ല. പന്പയില്നിന്നു നിലയ്ക്കലേക്കു പോകേണ്ട തീര്‍ഥാടകര്‍ക്കു വണ്‍വേ ടിക്കറ്റ് പന്പയിലെ കെഎസ്ആര്‍ടിസി കൗണ്ടറില്‍നിന്നു ലഭിക്കും.
ദീര്‍ഘദൂര സര്‍വീസുകള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ പന്പയിലെത്തി തീര്‍ഥാടകരെ ഇറക്കിയതിനുശേഷം പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. പെരിയാര്‍ കടുവ സംരക്ഷണ മേഖലയുടെ ഭാഗമായ നിലയ്ക്കല്‍, പന്പ പ്രദേശങ്ങളില്‍ ഭാവിയില്‍ മലിനീകരണം കുറയ്ക്കുന്നതിനു പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണു പരീക്ഷണാസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ എത്തിക്കുന്നത്. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസുകള്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.