തിരുവനന്തപുരം; ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വന്നാല്‍ തടയുമെന്ന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവര്‍ക്കു ദര്‍ശനത്തിന് അനുവാദം നല്‍കില്ലെന്നും കടകംപള്ളി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചതു ഗൂഢലക്ഷ്യവുമായി വരുന്നവരെയാണ്. യുവതികള്‍ ആരും ഇതുവരെ ദര്‍ശനത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് താന്‍ മുന്‍പു പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ ഒരു വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തര്‍ എത്തിയിരുന്നില്ല. മാധ്യമങ്ങള്‍ ഇപ്പോള്‍ വലിയ പ്രാധാന്യം നല്കുന്നു. മുന്‍പും ശബരിമലയില്‍ പോലീസ് ധാരാളമായി സേവനം നടത്തിയിരുന്നു.
പോലീസിനു നടുവില്‍നിന്ന് പ്രാര്‍ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞതു മറ്റു ചില വിഷയങ്ങളിലുള്ളതു പോലെ തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി പറഞ്ഞു.